സുല്‍ത്താന്‍ ബത്തേരി: 75 കോടി രൂപയുടെ ബത്തേരി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിയുടെ കരാര്‍ റദ്ദാക്കിയ നഗരസഭാ ഭരണസമിതിയുടെ നടപടി ജനവഞ്ചനയാണെന്ന് ബിജെപി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി.
കരാര്‍ റദ്ദാക്കാനുള്ള നഗരസഭാ തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പുറത്തുവിട്ട് ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ട്രാഫിക് കുരുക്കും യാത്രാക്ലേശവും അനുഭവിക്കുന്ന ബത്തേരിയിലെ ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട പദ്ധതിയാണ് രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ അനിശ്ചിതത്വത്തിലായത്. ചോര്‍ന്നൊലിക്കുന്ന ആസ്ബസ്റ്റോസ് ഷെഡിലാണ് നിലവില്‍ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്.
ശുചിമുറിയും കുടിവെള്ളവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. വിജിലന്‍സ് അന്വേഷണം നടക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷ മാസങ്ങളോളം തടഞ്ഞുവച്ചതില്‍ നഗരസഭ മറുപടി പറയണം.
ജൂണ്‍ 30ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ജില്ലാ യൂണിറ്റ് അന്വേഷണം നടക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ റദ്ദാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമാണ് കരാറില്‍ വഞ്ചനയും ക്രമക്കേടും ഉണ്ടെന്ന ആരോപണം ഉയര്‍ന്നത്. ഇതിന് തെളിവായി നഗരസഭയ്ക്ക് രേഖകള്‍ ഹാജരാക്കാനായിട്ടില്ല. കരാര്‍ കാലാവധി 51 വര്‍ഷമാണെന്ന നഗരസഭയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്.
കരാര്‍ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ച് ഹൈക്കോടതി ഉത്തരവ് പൂര്‍ണമായി മാനിക്കുക, പദ്ധതി സംബന്ധിച്ച ടെന്‍ഡര്‍ ഫയല്‍, ബിഡ് താരതമ്യപ്പട്ടികകള്, ഫയല്‍ കുറിപ്പുകള്‍, നിയമോപദേശങ്ങള്‍ തുടങ്ങിയ മുഴുവന്‍ രേഖകളും പ്രസിദ്ധീകരിക്കുക, വിജിലന്‍സ് അന്വേഷണം എന്ന പേരില്‍ അപേക്ഷ തടഞ്ഞുവച്ചതിന്റെ ഉത്തരവാദിത്വം വ്യക്തമാക്കുക, ഏപ്രില്‍ 24 മുതല്‍ തീരുമാനമില്ലാതെ കിടക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് അപേക്ഷ അടിയന്തരമായി തീര്‍പ്പാക്കുക, സര്‍വകക്ഷി യോഗം വിളിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ബിജെപി ഉന്നയിച്ചു.
മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത, എം.പി. ദിനേഷ് കുമാര്‍, പി.ആര്. ലക്ഷ്മണന്, കെ.സി. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.